This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലേവ്, പെര്‍ റ്റൈഡോര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

Cleve, Per Teodor (1840 -1905)

ഹോള്‍മിയം, തുലിയം എന്നീ മൂലകങ്ങള്‍ കണ്ടെത്തിയ സ്വീഡിഷ് രസതന്ത്രജ്ഞന്‍. ദുര്‍ലഭ മൃദ്ധാതുക്കളെക്കുറിച്ചുള്ള പഠനമാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടം.

1840 ഫെ. 10-ന് സ്റ്റോക്ഹോമില്‍ ജനിച്ചു. 1868-ല്‍ ഉപ്സല സര്‍വകലാശാലയിലെ രസതന്ത്രവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഇദ്ദേഹം സാമാന്യ രസതന്ത്രത്തിന്റെയും കാര്‍ഷിക രസതന്ത്രത്തിന്റെയും പ്രൊഫസറായും സേവനമനുഷ്ഠിച്ചു.

ഡിസിമിയം എന്നത് വാസ്തവത്തില്‍ രണ്ടു മൂലകങ്ങളാണെന്നു കണ്ടെത്തിയത് (1874) ക്ലേവ് ആണ്. 1885-ല്‍ ഇത് ഔദ്യോഗികമായി തെളിയിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് അവയ്ക്ക് തിയോഡിമിയം, പ്രസിയോഡിമിയം എന്നീ പേരുകള്‍ നല്കി. ലാര്‍സ് നില്‍സണ്‍ എന്ന ശാസ്ത്രജ്ഞന്‍ പുതുതായി കണ്ടുപിടിച്ച സ്കാന്‍ഡിയം എന്ന മൂലകം വാസ്തവത്തില്‍ മെന്‍ഡലേവ് തന്റെ ആവര്‍ത്തനപട്ടികയില്‍ പ്രവചിച്ച എകാ-ബോറോണ്‍ തന്നെയാണെന്ന് ക്ലേവ് തെളിയിച്ചു (1879). എര്‍ബിയയില്‍ നിന്ന് സ്കാന്‍ഡിയത്തിന്റെയും യറ്റര്‍ബീയത്തിന്റെയും എല്ലാ അവശിഷ്ടങ്ങളും മാറ്റിയശേഷവും, രണ്ട് അപൂര്‍വ മൃദ്ധാതുക്കള്‍ ഉള്‍ക്കൊണ്ടിരുന്നതായി അതേ വര്‍ഷം തന്നെ ക്ലേവ് കണ്ടെത്തി. ഇവയ്ക്ക് ഹോള്‍മിയം എന്നും തുലിയം എന്നും ഇദ്ദേഹം പേരിട്ടു.

ഭൂവിജ്ഞാനീയത്തിലും അവഗാഹം നേടിയിരുന്ന ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥമാണ് ക്ലെവൈറ്റ് എന്ന ധാതുവിന് ആ പേര്‍ നല്കിയത്. 1894-ല്‍ റോയല്‍ സൊസൈറ്റി ഇദ്ദേഹത്തെ ഡെവി മെഡല്‍ നല്കി ആദരിക്കുകയുണ്ടായി. റോയല്‍ സ്വീഡിഷ് അക്കാദമി ഒഫ് സയന്‍സസില്‍ അംഗമായിരുന്നു.

1905 ജൂണ്‍ 18-ന് ഇദ്ദേഹം അന്തരിച്ചു.

ഇദ്ദേഹത്തിന്റെ മകള്‍ ആണ്ടിഡ് എം. ക്ലേവ് സ്വീഡനിലെ ആദ്യശാസ്ത്ര ഗവേഷണ ബിരുദധാരിണിയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍